Tuesday, May 17, 2005

ഒരു കഥ (ഭാഗം രണ്ടു്)

"ഹലോ മുരളി!"

വായില്‍ വച്ച ഉരുളച്ചോറു താനേ ഇറങ്ങിപ്പോയി. "എടാ ഉണ്ണീ! നീയോ? നീ എന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ!"

"എടാ എത്ര കാലമായെടാ, കാലമാടാ! നീ അങ്ങു മെലിഞ്ഞു പോയല്ലോ!"

ഉണ്ണി തടിവച്ചെങ്കിലേ ഉള്ളൂ. "നീ പഴയ ഉണ്ണി തന്നെ," ഞാന്‍ പറഞ്ഞു.

"ഞാന്‍ ഒരൂണു്‌ ഓഡര്‍ ചെയ്തിട്ടുണ്ടു്‌." അവന്‍ എന്റെ എതിരേ ഇരുന്നു. "പണ്ടു നമ്മളിതു പോലെ ഹോട്ടലില്‍ ഒരുമിച്ചിരുന്നു്‌ ഉണ്ണാറുള്ളതു്‌ ഓര്‍മ്മയുണ്ടോ?"

ഉണ്ടു്‌. എല്ലാം ഓര്‍മ്മയുണ്ടു്‌. ഞാന്‍ ചോദിച്ചു. "നീ എന്താ ഇവിടെ തിരുവനന്തപുരത്തു്‌?"

"ആദ്യം നീ പറ, പാരിസ്‌ മടുത്തോ?"

"മടുത്തു. പക്ഷേ നാളെ ഞാന്‍ തിരിച്ചു പോകുകയാണു്‌. എന്റെ ലീവു കഴിയാറായി." ഒരു നിമിഷം ഓര്‍മ്മകള്‍ നിറഞ്ഞു വന്നു, "ഇന്ദു ഇല്ലാതെ പാരിസ്‌ മാത്രമല്ല, ജീവിതം തന്നെ മടുത്തു."

"ഇനിയെങ്കിലും അതൊക്കെ മറന്നുകൂടെ? എത്ര കൊല്ലമായി?!"

"മൂന്നു കൊല്ലം, ഈ ഡിസംബറില്‍." അവളെന്നെ വിട്ടുപോയ ആ അഭിശപ്ത ശൈത്യത്തിലെ മഞ്ഞു മുഴുവന്‍ എന്റെ മനസ്സില്‍ വന്നു മൂടി. "ഡിസംബറില്‍."

"ചിലപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞു വരാമെന്നു വിചാരിക്കും. പക്ഷേ ഇവിടെ വന്നു ഞാന്‍ എന്തു ചെയ്യാനാണു്‌? ഇവിടെയും എനിക്കാരുമില്ല. അതുപോട്ടെ..." വിഷമങ്ങളും ചോദ്യങ്ങളും ഒഴിവാക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു, "നീ ഇവിടെ എന്തു ചെയ്യുന്നു?"

ഉണ്ണിയുടെ മുഖത്തൊരു നിഴല്‍ പടര്‍ന്നു. "എടാ, നമ്മുടെ മാധവനില്ലേ?"

"ആരു്‌, മാധവന്‍ നായരോ? എന്തു പറ്റി അവനു്‌?"

"അവനിവിടെ ഹോസ്പിറ്റലിലാണു്‌."

"അയ്യോ, എന്തു പറ്റി? സീരിയസൊന്നുമല്ലല്ലോ?"

"സംഗതി അല്‍പം സീരിയസാണു്‌. നാലഞ്ചു ദിവസമായി ഇവിടെ കൊണ്ടുവന്നിട്ടു്‌. നിനക്കറിയില്ലേ അവനെ? ഏതോ കാട്ടുമുക്കില്‍ ചെന്നു കിടന്നു നരകിക്കുകയായിരുന്നു. അബുവാണു്‌ ആദ്യം അറിഞ്ഞതു്‌, അവനു വയ്യെന്നു്‌. അറിഞ്ഞ ഉടനെ ഞാനും അബുവും അവിടെ ചെന്നു. ഞങ്ങളെത്തിയപ്പോള്‍ അവനു ബോധമില്ലായിരുന്നു. നല്ല പനിയും. ഞങ്ങളടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ കൊണ്ടു പോയി. അവരവനെ എടുത്തില്ല. അത്ര മോശമായിരുന്നു നില. പിന്നെ ഞങ്ങളവനെ ഒന്നുരണ്ടിടത്തു കൊണ്ടു പോയി. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇവിടെ കൊണ്ടുവന്നു."

"അവന്റെ വീട്ടുകാരെ അറിയിച്ചോ?"

"അവന്റെ വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. അച്ഛനും അമ്മയും രണ്ടു പേരും മരിച്ചിട്ടു കൊല്ലം കുറേയായി."

"ഓ നോ! പ്രിന്‍സ്റ്റണില്‍ നിന്നു പോയ ശേഷം എനിക്കവനുമായി തീരെ കോണ്ടാക്ടില്ലായിരുന്നു. അവന്‍ ഏതോ എന്‍. ജി. ഓ.-ക്കു വേണ്ടി വോളണ്ടീര്‍ ചെയ്യുന്നു എന്നു മാത്രം അറിഞ്ഞു."

"പ്രിന്‍സ്റ്റണില്‍ നിന്നു വന്ന ഉടനെ അവന്‍ നേരേ പോയി ഈ കുഗ്രാമത്തിലേക്കു്‌. ഞാനെത്ര പരഞ്ഞു നോക്കി, വല്ല നല്ല ജോലിയുമെടുത്തു, ഒരു കല്യാണവും കഴിചു..."

"അവനിപ്പോഴും ഒറ്റയ്ക്കാണോ?"

"അതെ..." ഉണ്ണി പറഞ്ഞു മുഴുമിപ്പിക്കാതെ നിര്‍ത്തി. ഞാന്‍ കൂട്ടിച്ചേര്‍ത്തു, "മാധവനു്‌ ഇന്ദുവിനെ വലിയ കാര്യമായിരുന്നു."

"അതെ."

പാരിസിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ദുവും ഞാനും വിവാഹിതരായി. അതിനു മുന്‍പു്‌ എനിക്കു മാധവനെ ഭയമായിരുന്നു. എന്റെ ഇന്ദുവിനെ അവന്‍ തട്ടിയെടുക്കുമോ എന്നു്‌! പിന്നീടു ഞാന്‍ മനസ്സിലാക്കി, ആ ഭയം അസ്ഥാനത്തായിരുന്നു എന്നു്‌: ഇന്ദുവിനു മാധവനെ ഭയമായിരുന്നു. അവന്റെ മനസ്സിലെ ദുഃഖങ്ങള്‍, ചോദ്യങ്ങള്‍, അവന്റെ വിഷാദ ഭാവം, എല്ലാം അവള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു. അവന്‍ എന്നോടു വാദിക്കാറുണ്ടായിരുന്നു, ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയും! അവനുമായി തര്‍ക്കിച്ചിരിക്കാന്‍ എനിക്കൊരു പ്രയാസവുമില്ലായിരുന്നു. പക്ഷേ ഇന്ദുവിനങ്ങനെയല്ലായിരുന്നു. അവന്റെ ചോദ്യങ്ങല്‍, ഉത്തരങ്ങള്‍, അവള്‍ക്കതു താങ്ങാനാവില്ലായിരുന്നു.

"നീ ഇപ്പോള്‍ ഹോസ്പിറ്റലിലേക്കാണോ? എങ്കില്‍ ഞാനും വരാം."

പന്ത്രണ്ടു വര്‍ഷങ്ങള്‍. പാരിസില്‍ ആദ്യം കുറച്ചു നാള്‍ അവന്റെ കത്തുകള്‍ വരുമായിരുന്നു. വിഷാദം നിഷലിച്ച വാക്കുകള്‍, വരികള്‍, വരികള്‍ക്കിടയിലെ നിശ്വാസങ്ങള്‍. എന്നോ ഞാന്‍ മറുപടി എഴുതാതായി. ഇന്ദു ഒരിക്കലും അവനു മറുപടി എഴുതിയിരുന്നില്ല. പാരിസിലെ തിരക്കു പിടിച്ച നിമിഷങ്ങള്‍ക്കിടയില്‍, അകലങ്ങളില്‍ ഏകാന്തവാസം നയിക്കുന്ന സുഹൃത്തിനെ ഞാന്‍ മറന്നു.

(അടുത്ത ഭാഗത്തില്‍ അവസാനിക്കും.)

2 comments:

.::Anil അനില്‍::. said...

മനോജ്,
ഇത് കഥയ്ക്കുള്ള ഒരു കമന്റല്ല. മറിച്ച് കേരള ബൂലോഗച്ചുരുളിനെപ്പറ്റിയാണ്‍.(http://www.cs.princeton.edu/~mp/malayalam/blogs/) താങ്കള് വളരെ തിരക്കുള്ള ദിനരാത്രങ്ങളിലാണെന്നു പലയിടത്തും വായിച്ചിരുന്നു. എങ്കിലും ഒരു നിര്‍ദ്ദേശം സമര്പ്പിക്കട്ടെ. മേല്പ്പറഞ്ഞ പേജിലുള്ള ലിങ്കുകള്‍ ഞെക്കുന്പോള്‍ new window യില്‍ ബൂലോഗങ്ങള്‍ വന്നിരുന്നെങ്കില്‍........

evuraan said...

പ്രിന്‍സ്റ്റണിനടുത്ത്‌ നാടനൂണു കിട്ടുന്ന ഹോട്ടല്‍ വല്ലതുമുണ്ടോ? കാര്യമായിട്ടു ചോദിച്ചതാ, കേട്ടോ?

--ഏവൂരാന്‍.